Sunday, 8 June 2014

മനുഷ്യമൃഗം…………………………..

നീ വീഴാന്‍ തുടങ്ങിയത് കണ്ടായിരുന്നു
അവള്‍ കൈനീട്ടി അരുകിലെത്തിയത്,
എന്നാല്‍ നീയോ അവളുടെ ചേലത്തുമ്പില്‍
പിടിച്ചു വലിച്ചു കൊണ്ടവളെ വീഴ്ത്തി.
നിനക്ക് വിശക്കുന്നുണ്ടെന്നറിഞ്ഞാണ്
അവള്‍ ഭക്ഷണം വിളമ്പിതന്നത്
എന്നാല്‍ നീയോ അവളുടെ സ്വപ്നങ്ങള്‍കൂടി
തട്ടിപ്പറിച്ചെടുത്ത് അവളെ മൂകയാക്കി.

നിനക്കായ് കൂടൊരുക്കി
നിനക്കായ് അണിഞ്ഞൊരുങ്ങി
നിനക്കായ് പ്രണയിച്ചു
നിനക്കായ് കാത്തിരുന്നു
നിനക്കായ് ജീവിതം ഹോമിച്ചു
സ്വന്തമായ് ഒന്നുമില്ലാതെ
വീണടിയുമ്പോഴും
അവളുടെ ഉളളം
നിനക്കു വേണ്ടി നീറി

എന്നാല്‍ നീയോ ആത്മാവായ് മാറിയിട്ടും
ആ ശരീരം ഭക്ഷിച്ചുകൊണ്ടിരുന്നു
മതിയാവാതെ വന്നപ്പോള്‍ വീണ്ടും
അവളെ തേടി അലഞ്ഞു.
വറ്റാത്ത സ്നേഹത്തിന്റെ ഉറവയായ്
സ്പന്ദിക്കും ആ ഹ്രിദയം കാണാതെ.
നിന്നെയാരാണ് മനുഷ്യനെന്നു വിളിക്കുക
സ്നേഹത്തിന്റെ പര്യായം നിനക്കോ?
അന്തിമവിധിയൊരുക്കി കാത്തിരിക്കുന്ന
കാലത്തിനുപോലും നീയൊരു മ്രിഗമാണ്.

പ്രിയതമ………………………………….

പനിനീര്‍ പരിമളം തൂകി തെന്നല്‍
നിന്‍ താമരതളിരണികൈകളില്‍
തഴുകിതലോടവേ നിന്നധരങ്ങളില്‍
താമരപൂ വിരിഞ്ഞതെന്തേ?

കാണാതെ വന്നവന്‍ വസ്താഞ്ജലത്തില്‍
കാട്ടും വിക്രിതികള്‍ കണ്ടിട്ടും മിണ്ടാതെ
കളളഉറക്കം നടിച്ചതെന്തേ?

അഷ്ടമംഗല്യമൊരുക്കി വസന്തശ്രീ
വാതിലില്‍ മുട്ടി വിളിച്ചനേരം
കവിള്‍ത്തടങ്ങളില്‍ ചെമ്പരത്തിപൂക്കള്‍
ശോണിമയാര്‍ന്നു ചിരിച്ചതെന്തേ?

വാര്‍മഴവില്ലുമായ് വന്നുവിഭാതം
ചെമ്പകപൂക്കളാല്‍ കണിയൊരുക്കി
സ്നേഹാര്‍ദ്രനായി വന്നുവിളിക്കവേ,
പുറംതിരിഞ്ഞങ്ങു ശയിച്ചതെന്തേ?

ആതിരനിലാവിന്റെ ചാരുതയാര്‍ന്നൊരു
താവകമേനിയില്‍ കളഭകൂട്ടണിയിച്ചു
മെല്ലെമെല്ലെവന്നു ദിനകരന്‍ മുത്തവേ.
അറിയാത്തപോലെ കിടന്നതെന്തേ?

മാങ്കൊമ്പില്‍ വന്നൊരു പൂങ്കുയില്‍ പാടീട്ടും
തെച്ചിപ്പഴം തിന്നാന്‍ തത്ത വിളിച്ചിട്ടും
കേട്ടഭാവം നടിക്കാഞ്ഞതെന്തേ?

എങ്കിലും ഞാന്‍ നിന്നരികില്‍ വന്നപ്പോള്‍
മിഴികള്‍ തുറന്നു നീ മന്ദഹാസം തൂകി
ലജ്ജാവതിയായിരുന്നതെന്തേ?

അറിയാമെനിക്കോമലേ പ്രണയം വിശുദ്ധം
ഏകുമിന്ദ്രജാലത്തില്‍ മയങ്ങുന്നു വിശ്വം
എന്നാലും നീ മൌനമാചരിപ്പതെന്തേ?