Sunday 27 July 2014

ഒരു പ്രവാസിയുടെ സ്വപ്നം

പോകണമെനിക്കെന്‍ തറവാട്ടിലേക്ക്
ബന്ധുക്കളുമായൊത്തുകൂടണം 
പഴയൊരാകാലത്തിന്‍ സ്മ്രിതികളാല്‍
ഓര്‍മമചെരാതിന്‍ തിരികൊളുത്തേണം
ആഗതമായതിനവസരമേകുവാന്‍
ഈദുല്‍ ഫിത്തറും അരുകിലെത്തി
നടുത്തളത്തിലെ മേശമേലുമ്മതന്‍
സ്നേഹവാത്സല്യങ്ങള്‍ വിഭവങ്ങളായ്
മാറവേ അതിലൊന്നെടുത്തുകൊണ്ടോടുന്ന
പയ്യനെ കളിയാക്കും അമ്മായിമാര്‍
ചേര്‍ത്തുപിടിച്ചൂട്ടുന്നു അപ്പത്തരങ്ങള്‍
മുട്ടമാല മുട്ടസുര്‍ക്ക ഉന്നക്കായ തരിപ്പോള
ചട്ടിപ്പത്തിരി കണ്ണന്‍പത്തിരി പഴംനിറച്ചത്
ഒരിക്കലും മറക്കാത്ത പെരുന്നാള്‍ കോള്
ഓര്‍മമയില്‍ വിഭവങ്ങള്‍ വന്നുനിറയവേ
ഓര്‍മ്മയായി മാറിയിന്നുമ്മയുമുപ്പയും,
ഇല്ല ഇന്നൂട്ടുവാന്‍ അമ്മായിമാരും
കാല പ്രവാഹത്തിലെല്ലാമൊരോര്‍മ്മയായ്
പളളിയില്‍ പോകുവാന്‍ വന്നുവിളിക്കുമാ
ചങ്ങാതിമാരുമിന്നെങ്ങോ അകന്നുപോയ്
ഉമ്മമരിച്ചിട്ടും പോകാന്‍ വിടാതെയീ
മണലാരണ്യം പിടിച്ചു നിര്‍ത്തി
തന്നില്ലവധിയന്നറബി തന്‍ മാനസം
നൊമ്പരമൊക്കെയും കടിച്ചമര്‍ത്തി
ജീവിതം മരുഭൂമിയായ് മാറുമ്പൊഴും
മാനസം മരുപ്പച്ച തേടുമ്പൊഴും
സാഹചര്യങ്ങള്‍ പിടിച്ചുനിര്‍ത്തി
ഈ മണ്ണിനെ ജീവിത ഭാഗമാക്കി
ബന്ധങ്ങളെല്ലാം തകര്‍ത്തുചിരിക്കുന്നു
മായായവനിക തീര്‍ത്തുകൊണ്ടീഭൂമി
ഇന്നാണവസരമൊത്തുവന്നതും
തുടങ്ങട്ടെ ഞാനെന്‍ മടക്കയാത്ര
നന്മനിറഞ്ഞൊരാനാട്ടിന്‍പുറത്തേക്കില്ല
എനിക്കിനിയൊട്ടു ദൂരം
ചിത്തേ നിരൂപിച്ചു മുന്നൊരുക്കങ്ങള്‍
തുടങ്ങട്ടെ ഞാനീ മടക്കയാത്രക്കായ്

Friday 25 July 2014

ഞാന് സ്വപ്നം കാണുന്ന ഭൂമി

എല്ലാവര്‍ക്കും ഒരുപോലെ അവകാശമുളള ഒരു ഭൂമി. ഉയര്‍ന്നവനെന്നോ, താഴ്ന്നവനെന്നോ ഉളള ഭേദഭാവങ്ങള്‍ ഇല്ലാത്ത ഭൂമി. ഞങ്ങളുടേത്, നിങ്ങളുടേത് എന്ന അവകാശവാദങ്ങളില്ലാതെ നമ്മളുടേത് എന്ന് എല്ലാവര്‍ക്കും പറയാന്‍ കഴിയുന്ന ഭൂമി.  യുദ്ധങ്ങള്‍ ആരുടേയും ജീവന്‍ അപഹരിക്കാത്ത ഭൂമി. ഒരാള്‍ക്കും മറ്റുളളവരോട് വെറുപ്പോ, വിദ്വേഷമോ തോന്നാത്ത ഭൂമി. അത്യാഗ്രഹമോ, സ്വാര്‍ത്ഥചിന്തകളോ ആര്ക്കും ഇല്ലാത്ത ഭൂമി.

ആരും ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത ഭൂമി. പീഢനഭയമില്ലാതെ, സ്ത്രീകള്‍ക്ക് നിര്‍ഭയം സഞ്ചരിക്കുവാന്‍ കഴിയുന്ന ഭൂമി.  മതങ്ങളുടെ പേരില്‍ ആരും തമ്മിലടിക്കാത്ത ഭൂമി. പകയും, ചതിയും ഇല്ലാത്ത ഭൂമി. വ്യക്തിബന്ധങ്ങള്‍ വിലമതിക്കപ്പെടുന്ന ഭൂമി. എല്ലാവരും പരസ്പരം സ്നേഹിക്കുന്ന ഭൂമി. മനുഷ്യന്‍ എന്ന പദം മനോഹരമായി നില നില്‍ക്കപ്പെടുന്ന ഭൂമി. നന്മയും സ്നേഹവും നിറഞ്ഞ ഒരു ഭൂമി.

Sunday 13 July 2014

മഴ വരും വഴി

മാനം കറുക്കുന്നു കാറ്റു വീശുന്നു
മഴവരും വഴിയില്‍ ഇരുള്‍ പരക്കുന്നു
അംബരവീഥിയില്‍ വെളളിവാള്‍ വീശി
കാലവര്‍ഷം പടി കടന്നെത്തുന്നു

ഇലകളും പൂക്കളും മുടിയില്‍ ചൂടി
ഈറനണിഞ്ഞെത്തും തെക്കന്‍ കാറ്റിന്‍
ചൂളംവിളി കേട്ടുണര്‍ന്നു വസുന്ധര
ചമയങ്ങളൊന്നായെടുത്തണിയുന്നു.

പച്ചതുകില്‍ചുറ്റി ചേലാഞ്ചലത്തില്‍
സാഗരതിരകളാം ഞൊറികള്‍ വിടര്‍ത്തി
നവരസങ്ങളുമാടുമിവള്‍ തനുവില്‍
വായിക്കുന്നു വര്‍ഷം ജലതരംഗം

ആടിത്തളര്‍ന്നവളരങ്ങില്‍ വീഴവേ
കുതിച്ചൊഴുകും സ്വേദകണങ്ങളാം
നീരൊഴുക്കെല്ലാം തകര്‍ക്കവേ തന്‍
ഹരിതകഞ്ചുകം തേടുമാരൌദ്രഭാവം

ശാന്തമാക്കുവാനെത്തുന്നു പ്രക്രിതി
പുത്തനുഷസ്സിന്‍ തുയിലുണര്‍ത്തി
തുറക്കുന്നു കിഴക്കിന്‍ പൂമുഖവാതില്‍
ഒരുക്കുന്നവള്‍ക്കായൊരു പുതുമുഖം

മഴവരും വഴിയില്‍ പൂക്കള്‍ വിതറി
വ്രതം നോറ്റിരിക്കുന്നു ഭൂമികന്യക
വീണ്ടുമൊരുസമാഗമനിര്‍വ്രിതിതേടി
ആടയാഭരണങ്ങളൊരുക്കിവെക്കുന്നു