Sunday 27 July 2014

ഒരു പ്രവാസിയുടെ സ്വപ്നം

പോകണമെനിക്കെന്‍ തറവാട്ടിലേക്ക്
ബന്ധുക്കളുമായൊത്തുകൂടണം 
പഴയൊരാകാലത്തിന്‍ സ്മ്രിതികളാല്‍
ഓര്‍മമചെരാതിന്‍ തിരികൊളുത്തേണം
ആഗതമായതിനവസരമേകുവാന്‍
ഈദുല്‍ ഫിത്തറും അരുകിലെത്തി
നടുത്തളത്തിലെ മേശമേലുമ്മതന്‍
സ്നേഹവാത്സല്യങ്ങള്‍ വിഭവങ്ങളായ്
മാറവേ അതിലൊന്നെടുത്തുകൊണ്ടോടുന്ന
പയ്യനെ കളിയാക്കും അമ്മായിമാര്‍
ചേര്‍ത്തുപിടിച്ചൂട്ടുന്നു അപ്പത്തരങ്ങള്‍
മുട്ടമാല മുട്ടസുര്‍ക്ക ഉന്നക്കായ തരിപ്പോള
ചട്ടിപ്പത്തിരി കണ്ണന്‍പത്തിരി പഴംനിറച്ചത്
ഒരിക്കലും മറക്കാത്ത പെരുന്നാള്‍ കോള്
ഓര്‍മമയില്‍ വിഭവങ്ങള്‍ വന്നുനിറയവേ
ഓര്‍മ്മയായി മാറിയിന്നുമ്മയുമുപ്പയും,
ഇല്ല ഇന്നൂട്ടുവാന്‍ അമ്മായിമാരും
കാല പ്രവാഹത്തിലെല്ലാമൊരോര്‍മ്മയായ്
പളളിയില്‍ പോകുവാന്‍ വന്നുവിളിക്കുമാ
ചങ്ങാതിമാരുമിന്നെങ്ങോ അകന്നുപോയ്
ഉമ്മമരിച്ചിട്ടും പോകാന്‍ വിടാതെയീ
മണലാരണ്യം പിടിച്ചു നിര്‍ത്തി
തന്നില്ലവധിയന്നറബി തന്‍ മാനസം
നൊമ്പരമൊക്കെയും കടിച്ചമര്‍ത്തി
ജീവിതം മരുഭൂമിയായ് മാറുമ്പൊഴും
മാനസം മരുപ്പച്ച തേടുമ്പൊഴും
സാഹചര്യങ്ങള്‍ പിടിച്ചുനിര്‍ത്തി
ഈ മണ്ണിനെ ജീവിത ഭാഗമാക്കി
ബന്ധങ്ങളെല്ലാം തകര്‍ത്തുചിരിക്കുന്നു
മായായവനിക തീര്‍ത്തുകൊണ്ടീഭൂമി
ഇന്നാണവസരമൊത്തുവന്നതും
തുടങ്ങട്ടെ ഞാനെന്‍ മടക്കയാത്ര
നന്മനിറഞ്ഞൊരാനാട്ടിന്‍പുറത്തേക്കില്ല
എനിക്കിനിയൊട്ടു ദൂരം
ചിത്തേ നിരൂപിച്ചു മുന്നൊരുക്കങ്ങള്‍
തുടങ്ങട്ടെ ഞാനീ മടക്കയാത്രക്കായ്

No comments:

Post a Comment