Friday 19 May 2017

മതം

എന്നെയും നിന്നെയും ഒന്നിലേക്ക് നയിക്കുന്ന
സ്നേഹമാകുന്ന ഒരു നദിയാണ് മതം
എന്റെയും നിന്റെയും ഹൃദയത്തിലെ ഇരുട്ട്
വെളിച്ചമാക്കാനുള്ള ഔഷധ ജലമാണ് മതം.

എന്നെയും നിന്നെയും സഹയാത്രികരാക്കുന്ന
മനുഷ്യത്വത്തിന്റെ തീവണ്ടിയാണ് മതം,
എന്നിലും നിന്നിലും സഹിഷ്ണുതയുടെ പൂക്കൾ
വിരിയിക്കുന്ന വസന്ത ഋതുവാണ്‌ മതം.

എനിക്കും നിനക്കും സ്വന്തമായുള്ളത് പങ്കിടാൻ
നമ്മെ സഹായിക്കുന്ന മധ്യവർത്തിയാണ് മതം,
എന്റെയും നിന്റെയും എന്നുള്ള ഭേദഭാവങ്ങളെ
വേരോടെ പിഴുതെറിയുന്ന കാറ്റാണ് മതം.

എന്നിലേയും നിന്നിലേയും കാമക്രോധമോഹങ്ങളെ
സ്ഫുടം ചെയ്തു നന്മയാക്കുന്ന അഗ്നിയാണ് മതം,
എനിക്കും നിനക്കും സത്കർമ്മങ്ങൾ ചെയ്യാൻ
നന്മതൻ പാതയൊരുക്കുന്ന പ്രേരണയാണ് മതം.

എന്നിലും നിന്നിലുമുള്ള അജ്ഞതയകറ്റുന്ന
ജ്ഞാനത്തിൻറെ സുവർണ്ണ ദീപമാണ് മതം,
എന്റെയും നിന്റെയും വിശ്വാസങ്ങൾ പരസ്പരം
ആദരിക്കാൻ ശക്തി പകരുന്ന ചൈതന്യമാണ് മതം.

എന്റെ വീടിനടുപ്പിൽ ഞാൻ വേവിക്കും മാധുര്യം
നിന്റെ ഉമ്മറത്തിണ്ണയിലെത്തിക്കാനെനിക്ക്
തുണയായി  ഏപ്പോഴും കൂടെയുണ്ടാവുന്ന
എന്നിലെ ആത്മവിശ്വാസമാണ് എനിക്ക് മതം

ഇക്കഥയറിയാതെ തമ്മിലടിച്ചുകൊണ്ടിരിക്കുന്ന
നീയും ഞാനും വെറും വിഡ്ഢികളല്ലേ?
മതമതീ ഭുവനത്തിങ്കലൊന്നല്ലോ മനുഷ്യത്വം
അതുണ്ടെങ്കിൽ വേണമോ നമുക്ക് മറ്റൊരു മതം

Thursday 11 May 2017

ക്ലാസ്സ് മുറികൾക്ക് പറയുവാനുള്ളത്

ഓരണ്ട് രണ്ട്, രണ്ടും രണ്ടും നാല്
ആരും ശരിവെക്കുന്ന കാര്യം
എന്നിട്ടും നിങ്ങളെന്തിനാണ്
ഇല്ലാത്ത പുസ്തകങ്ങളിലെ
അധ്യായങ്ങളുടെ പേരിൽ
ഒരുങ്ങി പുറപ്പെടുന്നത്

വരകളിലൂടെയും വർണ്ണങ്ങളിലൂടെയും
നിങ്ങള്ക്ക് പഠിപ്പിച്ചു തന്ന കാര്യങ്ങൾ
കണ്ടും കേട്ടും കൊണ്ടും സ്വയം സാധകം
ചെയ്തു നേടിയെടുത്ത കുപ്പിവളപ്പൊട്ടുകളും
ആകാശം കാണാത്ത മയിൽപീലികളും
ഇപ്പോൾ ചിതറിക്കിടക്കുന്നു ആർക്കും വേണ്ടാതെ

ഒന്നിനുമല്ലാതെ പ്രകോപിതമാകുന്ന
മനസ്സുകളുടെ താളപ്പിഴവുകൾ
മണ്ണിൽ പതിഞ്ഞിരിക്കുന്ന നിണമണിഞ്ഞ
കാല്പാടുകളാൽ വിപ്ലവങ്ങളുടെ
പൂക്കളങ്ങളൊരുക്കുവാൻ
കാണാമറയത്തിരുന്നാരൊക്കെയോ
നെയ്തുകൂട്ടുന്ന കനവുകളുടെ കത്തിവേഷങ്ങൾ
ഇവിടെയൊക്കെ ചുട്ടെരിച്ചുകൊണ്ടിരിക്കുന്നു

നാളെകൾ നിങ്ങൾക്കുള്ളതാണെന്നും
ഒരുപുതുലോകം അവിടെയുണ്ടെന്നും
മാറ്റമാകുന്ന അനിവാര്യതയെപുല്കി
മാറണമെന്നുമൊക്കെ വീരവാദം മുഴങ്ങുമ്പോൾ
നിങ്ങളെന്താണ് ഒരുമാത്ര നേരത്തേക്കെങ്കിലും
വർത്തമാനത്തിലെ ഈ നിമിഷത്തെക്കുറിച്ച്
 ബോധവാനാകാത്തത്‌.

പുസ്തക സഞ്ചിയിലൊളിപ്പിച്ചുവെച്ചിരിക്കുന്ന
പളുങ്കു ഗോലികളെക്കുറിച്ച് പറഞ്ഞതെന്തിനായിരുന്നു.
അവയുടെ മറവിൽ ഒരു കഠാര മറച്ചുവെച്ചിരുന്നു.
ലക്ഷ്യമില്ലാത്ത ഈ യാത്രയിൽ നിങ്ങൾ വീണുപോയാൽ............
വീണ്ടും ഈ കളരിയിലേക്കു തന്നെ തിരിച്ചുവരിക
ഈ മതിലകം നിങ്ങൾക്ക്‌ സമ്മാനിക്കുന്ന
ഈ നിമിഷത്തിൻറെ വില തരുന്ന പാഠങ്ങളിൽ
നിങ്ങളെക്കാത്തൊരു പുതുജീവിതമിരിക്കുന്നു.

Wednesday 18 January 2017

ചിത്രരചന

നിന്നെയും കാത്ത്
ഞാനിരിക്കുകയാണ്,
നീയാണെങ്കിലോ
സ്വപ്നാടനത്തിലും.

നിന്നെ താരാട്ടി ഞാന്‍
ഉറക്കിയതായിരുന്നു,
പിന്നെ എപ്പോഴാണ്
നീ കടന്നു പോയത്?

നാഴികമണിയുടെ
നേര്‍ത്തസ്പന്ദനം
എന്റെ ഹൃദയസ്പന്ദനം, 
കാവലുണ്ടായിരുന്നിട്ടും?

ഇരുട്ടില്‍ പതുങ്ങിയിരുന്ന്
നീ ചിത്രമെഴുതുന്നു
അതെനിക്കു കാണാം.

വാളിന്‍ മുനകൊണ്ട്
നീ എഴുതുന്ന ചിത്രങ്ങള്‍
രക്തത്തിന്റെ ചുവപ്പില്‍
നീ നേടുന്ന സായൂജ്യം,
വെറും നൈമിഷികമല്ലേ?

ഇരുട്ടിന്റെ കറുപ്പില്‍,
തെളിയുന്ന ചുവപ്പില്‍,
നിണമൊലിച്ചിറങ്ങുന്ന
നിന്റെയീ രചനകളില്‍,
നീ തേടുന്ന മൂല്യവും
ഒരു പകല്‍ കിനാവല്ലേ?

ഉദയത്തിന്റെ ചുവപ്പ്,
ഒരുപക്ഷെ നിന്നെ,
എന്നിലേക്കു തന്നെ,
തിരിച്ചുകൊണ്ടുവരാം.

പകലിന്റെ ഇരുളില്‍,
എന്നെ കണ്ടില്ലെങ്കില്‍,
ഞാനൊരുക്കിയിരിക്കുന്ന
ഈ നിറക്കൂട്ടുകൊണ്ട്
ഒരു സ്നേഹഗാഥ രചിക്കൂ
മടങ്ങിവരുന്നവര്‍ക്കായീ…………..  

ഭാഗപത്രം

അളവും കഴിഞ്ഞു 
കുറ്റിയുമടിച്ചു
ആധാരമെഴുതാൻ 
നാളും കുറിച്ചു

അറസാധനങ്ങളും
അന്യോന്യം പകുത്തു 
ഭാഗിക്കുവാനിനി 
ശേഷിപ്പതോ ഞാൻ 

ഈ ഭാഗപത്രത്തിൽ 
എവിടെയാണെന്നിടം 
വിചാരണയ്ക്കായ്
കാത്തു നിൽക്കുന്നു 

തിരക്കേറി വരുമെൻ
സീമന്തപുത്രനു
തിരക്കിലേക്കെന്നെ 
ക്ഷണിക്കുവാൻ വൈമുഖ്യം 

ചൂടിനു കുറ്റം 
പറഞ്ഞു രണ്ടാമനും 
ചൂടില്ലാതോതുന്നു
ചൂടാണവിടെ താങ്ങാനാവില്ല 

ഇളയ മകൾക്കൊപ്പം 
ഇനിയുള്ള കാലം
ആശയാൽ നോക്കവേ 
ആ മുഖം മങ്ങുന്നു 

അങ്ങ് പടിഞ്ഞാറ് 
അമേരിക്കയിൽ 
എവിടുന്നു കിട്ടും 
അച്ഛനരിഷ്ടം 

വിധിവരും മുമ്പേ നടക്കാം 
ഗ്രാമ സംഗീതം നുകരാം 
പിന്നിലാവായെന്നിൽ നിറയും 
കവിതയെ മാറോടു  ചേർക്കാം