Sunday 18 May 2014

ദാമ്പത്യം മനോഹരം

ഒരുപുരുഷന്റെ ജീവിതത്തില്‍ ഏറ്റവും നല്ല സുഹ്രുത്താവാന്‍ കഴിയുന്നത് അയാളുടെഭാര്യക്കാണ്‍ എന്ന് എനിക്ക് തോന്നുന്നു. പരിമിതികളില്ലാത്ത സ്നേഹം ഈ ബന്ധത്തിന്റെമാത്രം പ്രത്യേകതയല്ലേ? മാതാപിതാക്കള്‍ക്കുപോലും മക്കളുടെ അടുത്ത് ചിലപ്പോള്‍പരിമിതികളുണ്ടാവാം. എന്നാല്‍ ഒരു ഭാര്യക്ക് സ്വന്തം ഭര്‍ത്താവിനോട് എന്തുപരിമിതിയാണുളളത്. തിരിച്ചും അങ്ങനെത്തന്നെയല്ലേ? വ്യക്തി ബന്ധങ്ങളില്‍ ഏറ്റവും മനോഹരമായതാണ്‍ ദമ്പതിമാര്‍ക്കിടയിലുളള ബന്ധം.പക്ഷേ ഇന്നു പലപ്പോഴും അങ്ങനെയല്ല സ്ഥിതി. അവസാനം അത് വിവാഹമോചനങ്ങളില്‍എത്തിച്ചേരുന്നു. എന്തുകൊണ്ടാണിത്. എനിക്കുതോന്നുന്നത്, പരസ്പരംമനസ്സിലാക്കുന്നതിലുളള പാകപ്പിഴവുകളാണെന്നാണ്. കുറ്റങ്ങളും കുറവുകളും ഇല്ലാത്തമനുഷ്യരില്ല. സ്വന്തം തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കുമ്പോള്‍ അത് പരിഹരിക്കാന്‍ശ്രമിക്കുമ്പോള്‍ ഒരു വ്യക്തി യഥാര്‍ത്ഥ മനുഷ്യനായി മാറുന്നു. സ്വയം നന്നാവാന്‍ശ്രമിക്കുമ്പോള്‍ ഒരു വ്യക്തിക്ക് മറ്റുളളവരെ ഉള്‍ക്കൊളളാനും, സാധിക്കുന്നു.ദാമ്പത്യ ജീവിതത്തിന്റെ സ്വസ്തഥ തകര്‍ക്കുന്നതില്‍ പ്രഥമസ്ഥാനം മദ്യപാനത്തിനാണ്.കുടുംബ നാഥന്‍ മദ്യപാനിയാകുമ്പോഴുളള ഒരു കുടുംബത്തിന്റെ അവസ്ഥഒന്നാലോചിച്ചുനോക്കൂ. എനിക്ക് പരിചയമുളള ഒരുവ്യക്തിയുണ്ട്. അയാള്‍ക്ക് ഭാര്യയുംരണ്ട് ചെറിയ കുട്ടികളുമുണ്ട്. വീട്ടുകാര്യങ്ങളെല്ലം ഭംഗിയായ് ചെയ്യുന്ന ആളുമാണ്.പറഞ്ഞിട്ടെന്താ കാര്യം,
മദ്യപാനത്തിനടിമയാണ്‍.ജോലി കഴിഞ്ഞ് വരുന്നത് മൂക്കറ്റം കുടിച്ചിട്ടാണ്. പിന്നെ വഴക്കാ‍യി, സാധനങളൊക്കെഎറിഞ്ഞു പൊട്ടിക്കലായി. ഉണ്ടാക്കി വെച്ച ഭക്ഷണം കഴിക്കാന്‍ പോലും ആ വീട്ടുകാര്‍ക്ക്സാധിക്കാറില്ല. വീട്ടില്‍ ഭീകരാന്തരീക്ഷം സ്ര്ഷ്ടിക്കുന്ന ഈ വ്യക്തി എല്ലാംകഴിഞ്ഞ് സുഖമായി ഉറങ്ങുമ്പോള്‍, പാവം ഭാര്യ സ്വന്തം വിധിയെ പഴിച്ചുകൊണ്ട്വിലപിച്ചിരിക്കും.എന്തൊരു അവസ്ഥയാണിതല്ലേ? ഇത്തരം കുടുംബങ്ങളില്‍ നിന്ന് വളര്‍ന്നുവരുന്നകുട്ടികളുടെ ഭാവി എന്തായിരിക്കും? കുടുംബത്തില്‍ സമാധാനം നിലനിറുത്തുന്നതില്‍പ്രധാന സ്ഥാനം കുടുംബനാഥനല്ലേ? ഭാര്യ ഒരിക്കലും ഒരടിമയല്ല, മറിച്ച് ഒരു നല്ലസുഹ്രുത്താണ്, ഒരു നല്ല പങ്കാളിയാണ്, ജീവിതയാത്രയിലെ സഹയാത്രികയാണ്. സ്നേഹവും,പരസ്പരസഹകരണവും, വിട്ടുവീഴ്ചാമനോഭാവവും, കുടുംബത്തിന്റെ കെട്ടുറപ്പിന് സഹായിക്കും.വിവാഹം കഴിച്ചവരും, കഴിക്കാന്‍ പോകുന്നവരും, സ്വന്തം കുടുംബജീവിതം സുന്ദരമാക്കാന്‍അനുവര്‍ത്തിക്കേണ്ട ചില കാര്യങ്ങള്‍ കുറിക്കട്ടെ.

1.       സ്നേഹവുംസഹകരണവും
2.       വിട്ടുവീഴ്ചചെയ്യാനുളള മനോഭാവം
3.       പരസ്പര ബഹുമാനം
4.       മദ്യപാനംതുടങ്ങിയ ദു:ശ്ശീലങ്ങള്‍ ഒഴിവാക്കല്‍
5.       പരസ്പരംമനസ്സിലാക്കല്‍
6.       പരസ്പരവിശ്വാസം
7.       വരുമാനമറിഞ്ഞ്ചിലവഴിക്കല്‍
8.       ഉളളതുകൊണ്ട്സംത്രിപ്തി നേടല്‍
9.       മറ്റുളളവരുമായിതങ്ങളെ താരതമ്യം ചെയ്യാതിരിക്കല്‍
10.    ഇല്ലാത്തതിനെഓര്‍ത്ത് ദു:ഖിക്കാതിരിക്കല്‍
11.    പരസ്പരംകുറ്റപ്പെടുത്താതിരിക്കല്‍

മനസ്സ് വിശാലമാക്കുവാന്‍ ശ്രമിക്കണം. എല്ലാം വിശാലമായ അര്‍ത്ഥത്തില്‍ കാണുവാനും, ഉള്‍ക്കൊള്ളുവാനുംശ്രമിക്കുമ്പോള്‍ ഒന്നും ഒരു പ്രശ്നമാവില്ല. മംഗളാശംസകള്‍
             

Friday 16 May 2014

സ്ത്രീ……………………

അവള്‍ നേരത്തേ എഴുന്നേറ്റു,
              വീടും പരിസരവും വ്രിത്തിയാക്കി
              കുളിച്ചു കുറിയിട്ടു
              കുടുംബത്തിനായി പൂജ ചെയ്തു.
              ഭക്ഷണം പാകം ചെയ്തു
              എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു
              പാത്രങ്ങള്‍ കഴുകിവെച്ചു,
              പോകുന്നവര്‍ക്കായി
              പാഥേയവും കൊടുത്തയച്ചു.
              എന്നിട്ടും അവര്‍ പറഞ്ഞു
              അവള്‍ മഹാ ദുഷ്ടയാണ്.

              മുഷിഞ്ഞ വസ്ത്രങ്ങള്‍
              അലക്കി തേച്ചു വെച്ചു
              മുക്കും മൂലയും അടിച്ചുവാരി
              എല്ലാം ഒതുക്കി വെച്ചു
              വിരുന്നുകാരെ സത്കരിച്ചു
              സാധനങ്ങള്‍ വാങ്ങി വന്നു
              വെളളം നിറച്ചുവെച്ചു
              ശയനമുറികള്‍ ഒരുക്കിവെച്ചു
              പോയവര്‍ വരുന്നതും കാത്ത്
              പുതുവിഭവങ്ങളൊരുക്കി
              വഴിക്കണ്ണും നട്ട് നാമം ജപിച്ചിരുന്നു
              എന്നിട്ടും അവര്‍ പറഞ്ഞു
              അവള്‍ മഹാ മടിച്ചിയാണ്.

              ഒന്നുമറിയാത്തതുപോലെ
              യാത്ര തുടരുന്ന കാലം
              അവളിലെ അവളെ തിരിച്ചറിഞ്ഞു
              മകളായ്, ഭാര്യയായ്, അമ്മയായ്
              രൂപാന്തരപ്പെടുന്ന അവളിലെ
              സ്ത്രീത്വത്തില്‍ അഭിമാനം കൊണ്ടു
              അറിയേണ്ടവര്‍ മാത്രം ഇതൊന്നുമറിയാതെ
              അവളെ കുറ്റം പറഞ്ഞുകൊണ്ടേയിരുന്നു………..


                           

Friday 2 May 2014

നമ്പൂരിശ്ശി അമ്മ

എന്റെ വീടിന്‍ കുറച്ചപ്പുറത്തായി ഒരു നമ്പൂതിരി കുടുംബം ഉണ്ടായിരുന്നു. അവിടെ സ്നേഹത്തിന്റെ മൂര്‍ത്തീമദ്ഭവം പോലെ ഒരു അമ്മയും. എല്ലാവരും അവരെ നമ്പൂരിശ്ശി അമ്മ എന്നാണ്‍ വിളിച്ചിരുന്നത്. അതുകേട്ട് ബാല്യത്തില്‍ ഞാനും അങ്ങനെ വിളിച്ചുതുടങ്ങി. ചെറിയമ്മയെ പോലെത്തന്നെ എന്റെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയ ഒരു വനിതയാണ്‍ അവരും.

     പുസ്തകങ്ങളുടെ ഒരു ലോകം തന്നെ അവരുടെ വീട്ടിലുണ്ടായിരുന്നു. എം.ടി.യോടുളള എന്റെ ആരാധന തുടങ്ങുന്നത് ആ വീട്ടില്‍ വെച്ചാണ്‍. മുകുന്ദനും, ഓ.വി.വിജയനും, ബഷീറും, മാധവിക്കുട്ടിയും, അങ്ങനെ എത്രയെത്രയോ സാഹിത്യകാരന്മാര്‍ എന്റെ ജീവിതത്തിന്റെ ഭാ‍ഗമായി തുടങ്ങിയത് ആ വീട്ടില് വെച്ചാണ്‍. കഥാസരിത്സാഗരവും, ആയിരത്തൊന്നു രാവുകളും, പഞ്ചതന്ത്രം കഥകളും, ഉണ്ണിക്കുട്ടന്റെ ലോകവും, പഥേര്‍ പാഞ്ചാലിയും, ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ എന്ന ബംഗാളി നോവലിസ്റ്റും എന്റെ ജീവിതത്തിനു നിറം ചാര്‍ത്തിയത് ആ ഭവനത്തില്‍ വെച്ചു തന്നെയാണ്‍. സര്‍വ്വോപരി ഗീതയും, ഭാഗവതവും, രാമായണവുമൊക്കെ വായിക്കുവാനുളള പ്രേരണ ലഭിച്ചതും അവിടെ നിന്നു തന്നെയാണ്‍.

     സ്കൂളിന്‍ ഒഴിവുളള ദിവസങ്ങളില്‍ നേരെ അവിടേക്ക് പോകും. നായ്ക്കല്ലും (ഒരു ചെടിയാണ്‍), കാട്ടുലില്ലിയും, കമ്മ്യൂണിസ്റ്റ് പച്ചയും, പൂവാംകുറുന്നിലയും, കീഴാര്‍നെല്ലിയും, താളും തകരയും, കറുകയും, തൊട്ടാവാടിയുമൊക്കെ വളര്‍ന്നു നില്‍ക്കുന്ന പാതയിലൂടെ ഞാന്‍ നടക്കും. വിജനമായ ആ പാതയില്‍ എനിക്കു കൂട്ടായി കുറേ തത്തകളും, മഞ്ഞക്കിളികളും, കൊറ്റികളും, കുളക്കോഴികളുമൊക്കെ ഉണ്ടാവും.

     പ്രധാന പാതയില്‍ നിന്നും, ഇടത്തോട്ടുളള ഇടവഴിയിലൂടെ ചെന്ന് വലത്തോട്ട് തിരിഞ്ഞാല്‍ അവരുടെ വീടായി. ഇലയടയോ, ഉണ്ണിയപ്പമോ, നെയ്പായസമോ അങ്ങനെയെന്തെങ്കിലും അവര്‍ എനിക്കായ് കരുതി വെച്ചിട്ടുണ്ടാവും. അതിമനോഹരമായ ഒരു നിശ്ശബ്ദത അവിടെങ്ങും കളിയാടിയിരുന്നു. അവിടുത്തെ വായനാമുറിയുടെ ജാലകത്തിനരുകില്‍ പരിസരം മറന്ന് പുസ്തകങ്ങളേകുന്ന സ്വപ്നസാമ്രാജ്യത്തില്‍, ആയിരത്തൊന്നു രാവുകളിലെ രാജകുമാരന്മാരായും, നാടോടികഥകളിലെ വീരനായകരായുമൊക്കെ മനസ്സ് മാറിക്കൊണ്ടിരിക്കും. ഒരിക്കല്‍ ലളിതാംബികാ അന്തര്‍ജ്ജനത്തിന്റെ അഗ്നിസ്സക്ഷിയിലെ തങ്കേടത്തിയിലൂടെ, സര്‍വ്വ മോക്ഷധായിനിയായ ഗംഗയിലെ സ്നാനഘട്ടത്തിലൂടെ മനസ്സ് വ്യാപരിക്കുമ്പോള്‍ പെട്ടെന്നവറ് മുറിയിലേക്ക് കടന്നുവന്നു. എന്തൊരു ഐശ്വര്യമുളള മുഖമാണ്‍ അ അമ്മയ്ക്ക്. അതുപോലെ സ്നേഹാര്‍ദ്രമായ് സ്വരവും.

     “കുട്ടീ ഞാന്‍ എന്നായിരിക്കും മരിക്കുക”. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വീണ്ടും അവര്‍ തുടര്‍ന്നു. “പക്ഷിമ്രിഗാദികളെ നോക്കൂ, എത്ര മനോഹരമാണ്‍ അവയുടെ ജീവിതം. പക്ഷെ മനുഷ്യ ജന്മം അത് എത്രയോ ദു:സ്സഹമാണ്‍.”

     കാലം ആറ്ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. അനുസ്യൂതമായ കാലപ്രവാഹത്തില്‍ അവരും, ഈ ഭൂമുഖത്തുനിന്നും മറഞ്ഞുപോയി. ഹ്രിദയത്തില്‍ ഇല വെച്ച് എനിക്കാ‍യി സദ്യ ഒരുക്കിയ ആ സ്നേഹനിധിയായ ആ‍ അമ്മ മനസ്സിന്റെ ഓറ്മ്മ ചെരാതില്‍ വെളിച്ചം പകരുമ്പോള്‍ മനസ്സു പറയുവാന്‍ ശ്രമിക്കുകയാണ്‍. ഇല്ല. അവര്‍ മരിച്ചിട്ടില്ല. സ്നേഹനിധിയായ് ആ അമ്മയ്ക്ക് മരണമില്ല.  



Thursday 1 May 2014

പ്രക്രിതീ മാപ്പ് തരൂ………..

പ്രക്രിതിക്ക് ദോഷം വരുത്തുന്ന ഒരേ ഒരു ജീവിവര്‍ഗ്ഗം മാത്രമേ ഈ ഭൂമിയില്‍ ഉളളൂ. അത് മനുഷ്യന്‍ മാത്രമാണ്‍. എന്തെല്ലം തരത്തിലാണ്‍ മനുഷ്യന്‍ പ്രക്രിതിക്ക് കോട്ടം വരുത്തുന്നത്. ആധുനികതയുടെ പേരും പറഞ്ഞ് മനുഷ്യന്‍ ചെയ്യുന്ന പ്രവര്‍ത്തികല്‍ ഇന്ന് ജീവിവര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പിനുകൂടി ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്ക്കയാണ്‍. അന്തരീക്ഷ ഊഷ്മാവ് കൂടി വരുന്നു. ഓസോണ്‍കുടയ്ക്ക് വിളളല്‍ വീണുകഴിഞ്ഞു. മഴ കുറഞ്ഞു. കാലാവസ്ഥയ്ക്ക് വ്യതിയാനം സംഭവിച്ചു. ഹരിതാഭമായിരുന്ന പ്രദേശങ്ങല്‍ തരിശുഭൂമികളായി മാറി. വയലേലകള്‍ നികത്താനുളള മണ്ണിനുവേണ്ടി അവിടവിടെയായി തലയുയര്‍ത്തിനിന്നിരുന്ന മനോഹരങ്ങളായ കുന്നുകള്‍ അപ്രത്യക്ഷങ്ങളായി. തരുനിബദ്ധമായിരുന്ന താഴ്വാരങ്ങളും, മലമ്പ്രദേശങ്ങളും മൊട്ടകുന്നുകളായി മാറി. നിറഞ്ഞുകവിഞ്ഞൊഴുകിയിരുന്ന നദികളുടെ മാറിടം വരണ്ടുണങ്ങി കള്ളിച്ചെടികള്‍ക്ക് വളരാന്‍ ഇടമേകി. പുരോഗതിയിലേക്ക് കുതിക്കുന്ന മനുഷ്യന്റെ ചവിട്ടടികളേറ്റ് പ്രക്രിതി തളര്‍ന്നവശയായി. എന്നിട്ടും ഇതൊന്നുമറിയാതെ, കണ്ടില്ലെന്ന് നടിക്കാതെ ഇന്നത്തെ മനുഷ്യന്‍ എങ്ങോട്ടോ കുതിക്കുന്നു. നാളെകളെക്കുറിച്ച് ചിന്തിക്കാതെ, വരും തലമുറകളെ ക്കുറിച്ചോര്‍ക്കാതെയുളള പ്രയാണം അവനെ എവിടെ എത്തിക്കുമോ ആവോ. ഈ വൈകിയവേളയിലെങ്കിലും അവനൊരു പുനര്‍വിചിന്തനം ഉണ്ടായിരുന്നുവെങ്കില്‍.