Friday 2 May 2014

നമ്പൂരിശ്ശി അമ്മ

എന്റെ വീടിന്‍ കുറച്ചപ്പുറത്തായി ഒരു നമ്പൂതിരി കുടുംബം ഉണ്ടായിരുന്നു. അവിടെ സ്നേഹത്തിന്റെ മൂര്‍ത്തീമദ്ഭവം പോലെ ഒരു അമ്മയും. എല്ലാവരും അവരെ നമ്പൂരിശ്ശി അമ്മ എന്നാണ്‍ വിളിച്ചിരുന്നത്. അതുകേട്ട് ബാല്യത്തില്‍ ഞാനും അങ്ങനെ വിളിച്ചുതുടങ്ങി. ചെറിയമ്മയെ പോലെത്തന്നെ എന്റെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയ ഒരു വനിതയാണ്‍ അവരും.

     പുസ്തകങ്ങളുടെ ഒരു ലോകം തന്നെ അവരുടെ വീട്ടിലുണ്ടായിരുന്നു. എം.ടി.യോടുളള എന്റെ ആരാധന തുടങ്ങുന്നത് ആ വീട്ടില്‍ വെച്ചാണ്‍. മുകുന്ദനും, ഓ.വി.വിജയനും, ബഷീറും, മാധവിക്കുട്ടിയും, അങ്ങനെ എത്രയെത്രയോ സാഹിത്യകാരന്മാര്‍ എന്റെ ജീവിതത്തിന്റെ ഭാ‍ഗമായി തുടങ്ങിയത് ആ വീട്ടില് വെച്ചാണ്‍. കഥാസരിത്സാഗരവും, ആയിരത്തൊന്നു രാവുകളും, പഞ്ചതന്ത്രം കഥകളും, ഉണ്ണിക്കുട്ടന്റെ ലോകവും, പഥേര്‍ പാഞ്ചാലിയും, ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ എന്ന ബംഗാളി നോവലിസ്റ്റും എന്റെ ജീവിതത്തിനു നിറം ചാര്‍ത്തിയത് ആ ഭവനത്തില്‍ വെച്ചു തന്നെയാണ്‍. സര്‍വ്വോപരി ഗീതയും, ഭാഗവതവും, രാമായണവുമൊക്കെ വായിക്കുവാനുളള പ്രേരണ ലഭിച്ചതും അവിടെ നിന്നു തന്നെയാണ്‍.

     സ്കൂളിന്‍ ഒഴിവുളള ദിവസങ്ങളില്‍ നേരെ അവിടേക്ക് പോകും. നായ്ക്കല്ലും (ഒരു ചെടിയാണ്‍), കാട്ടുലില്ലിയും, കമ്മ്യൂണിസ്റ്റ് പച്ചയും, പൂവാംകുറുന്നിലയും, കീഴാര്‍നെല്ലിയും, താളും തകരയും, കറുകയും, തൊട്ടാവാടിയുമൊക്കെ വളര്‍ന്നു നില്‍ക്കുന്ന പാതയിലൂടെ ഞാന്‍ നടക്കും. വിജനമായ ആ പാതയില്‍ എനിക്കു കൂട്ടായി കുറേ തത്തകളും, മഞ്ഞക്കിളികളും, കൊറ്റികളും, കുളക്കോഴികളുമൊക്കെ ഉണ്ടാവും.

     പ്രധാന പാതയില്‍ നിന്നും, ഇടത്തോട്ടുളള ഇടവഴിയിലൂടെ ചെന്ന് വലത്തോട്ട് തിരിഞ്ഞാല്‍ അവരുടെ വീടായി. ഇലയടയോ, ഉണ്ണിയപ്പമോ, നെയ്പായസമോ അങ്ങനെയെന്തെങ്കിലും അവര്‍ എനിക്കായ് കരുതി വെച്ചിട്ടുണ്ടാവും. അതിമനോഹരമായ ഒരു നിശ്ശബ്ദത അവിടെങ്ങും കളിയാടിയിരുന്നു. അവിടുത്തെ വായനാമുറിയുടെ ജാലകത്തിനരുകില്‍ പരിസരം മറന്ന് പുസ്തകങ്ങളേകുന്ന സ്വപ്നസാമ്രാജ്യത്തില്‍, ആയിരത്തൊന്നു രാവുകളിലെ രാജകുമാരന്മാരായും, നാടോടികഥകളിലെ വീരനായകരായുമൊക്കെ മനസ്സ് മാറിക്കൊണ്ടിരിക്കും. ഒരിക്കല്‍ ലളിതാംബികാ അന്തര്‍ജ്ജനത്തിന്റെ അഗ്നിസ്സക്ഷിയിലെ തങ്കേടത്തിയിലൂടെ, സര്‍വ്വ മോക്ഷധായിനിയായ ഗംഗയിലെ സ്നാനഘട്ടത്തിലൂടെ മനസ്സ് വ്യാപരിക്കുമ്പോള്‍ പെട്ടെന്നവറ് മുറിയിലേക്ക് കടന്നുവന്നു. എന്തൊരു ഐശ്വര്യമുളള മുഖമാണ്‍ അ അമ്മയ്ക്ക്. അതുപോലെ സ്നേഹാര്‍ദ്രമായ് സ്വരവും.

     “കുട്ടീ ഞാന്‍ എന്നായിരിക്കും മരിക്കുക”. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വീണ്ടും അവര്‍ തുടര്‍ന്നു. “പക്ഷിമ്രിഗാദികളെ നോക്കൂ, എത്ര മനോഹരമാണ്‍ അവയുടെ ജീവിതം. പക്ഷെ മനുഷ്യ ജന്മം അത് എത്രയോ ദു:സ്സഹമാണ്‍.”

     കാലം ആറ്ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. അനുസ്യൂതമായ കാലപ്രവാഹത്തില്‍ അവരും, ഈ ഭൂമുഖത്തുനിന്നും മറഞ്ഞുപോയി. ഹ്രിദയത്തില്‍ ഇല വെച്ച് എനിക്കാ‍യി സദ്യ ഒരുക്കിയ ആ സ്നേഹനിധിയായ ആ‍ അമ്മ മനസ്സിന്റെ ഓറ്മ്മ ചെരാതില്‍ വെളിച്ചം പകരുമ്പോള്‍ മനസ്സു പറയുവാന്‍ ശ്രമിക്കുകയാണ്‍. ഇല്ല. അവര്‍ മരിച്ചിട്ടില്ല. സ്നേഹനിധിയായ് ആ അമ്മയ്ക്ക് മരണമില്ല.  



No comments:

Post a Comment