Sunday 13 July 2014

മഴ വരും വഴി

മാനം കറുക്കുന്നു കാറ്റു വീശുന്നു
മഴവരും വഴിയില്‍ ഇരുള്‍ പരക്കുന്നു
അംബരവീഥിയില്‍ വെളളിവാള്‍ വീശി
കാലവര്‍ഷം പടി കടന്നെത്തുന്നു

ഇലകളും പൂക്കളും മുടിയില്‍ ചൂടി
ഈറനണിഞ്ഞെത്തും തെക്കന്‍ കാറ്റിന്‍
ചൂളംവിളി കേട്ടുണര്‍ന്നു വസുന്ധര
ചമയങ്ങളൊന്നായെടുത്തണിയുന്നു.

പച്ചതുകില്‍ചുറ്റി ചേലാഞ്ചലത്തില്‍
സാഗരതിരകളാം ഞൊറികള്‍ വിടര്‍ത്തി
നവരസങ്ങളുമാടുമിവള്‍ തനുവില്‍
വായിക്കുന്നു വര്‍ഷം ജലതരംഗം

ആടിത്തളര്‍ന്നവളരങ്ങില്‍ വീഴവേ
കുതിച്ചൊഴുകും സ്വേദകണങ്ങളാം
നീരൊഴുക്കെല്ലാം തകര്‍ക്കവേ തന്‍
ഹരിതകഞ്ചുകം തേടുമാരൌദ്രഭാവം

ശാന്തമാക്കുവാനെത്തുന്നു പ്രക്രിതി
പുത്തനുഷസ്സിന്‍ തുയിലുണര്‍ത്തി
തുറക്കുന്നു കിഴക്കിന്‍ പൂമുഖവാതില്‍
ഒരുക്കുന്നവള്‍ക്കായൊരു പുതുമുഖം

മഴവരും വഴിയില്‍ പൂക്കള്‍ വിതറി
വ്രതം നോറ്റിരിക്കുന്നു ഭൂമികന്യക
വീണ്ടുമൊരുസമാഗമനിര്‍വ്രിതിതേടി
ആടയാഭരണങ്ങളൊരുക്കിവെക്കുന്നു





No comments:

Post a Comment