Monday, 22 August 2016

യാത്ര



ആരെ വിളിക്കണമൊരു കൂട്ടിനായ്
ദൂരങ്ങൾ താണ്ടുവാൻ വയ്യേകനായ്‌
പുഴയൊരു കൂട്ടായി കൂടെ വന്നിരുന്നു
മഴയുടെ സംഗീതവും ഒപ്പമുണ്ടായിരുന്നു

മരുഭൂവടുത്തപ്പോൾ അവർ യാത്ര പറഞ്ഞു
മരുഭൂമിയിൽ അവർക്കെന്തു സ്ഥാനം
നിശ്ശബ്ദത എങ്ങും പരന്നു കിടന്നിരുന്നു.
നിഗൂഢത മണൽകുന്നുകൾക്കു പുറകിലും

എപ്പോഴാണ് കാറ്റൊരു സുഹൃത്തായി വന്നത്
അപ്പൂപ്പൻ താടി പോലെ കാറ്റിന്റെ കൈകളിൽ
എത്ര നേരമാണ് അമ്മാനമാടിയത്.
യാത്രയുടെ അന്ത്യം പോലും അടുത്തെന്നു തോന്നി

എല്ലാം തെളിഞ്ഞപ്പോൾ മുന്നിലൊരു മരുപ്പച്ച
ഇല്ലാത്ത ദാഹമുണ്ടാക്കിത്തരുമൊരു കൊച്ചു ചോല
ഒട്ടകമായി രൂപാന്തരപ്പെടുകയായിരുന്നു
പെട്ടെന്നാരോ വന്നൊരു കടിഞ്ഞാണുമിട്ടു

മതങ്ങളുടെ ഭാരച്ചുമടുകൾ മുതുകിൽ വീണതോടെ
സ്വാതന്ത്ര്യം നഷ്ടപ്പെടുകയായിരുന്നു
വർഗ്ഗീയതയും തീവ്രവാദവും തെളിക്കുന്ന വഴിയിലൂടെ
കർമ്മഫലങ്ങൾ വിലയിരുത്താതെയുള്ള യാത്ര

രാഷ്ട്രീയവും ഒരുചുമടുമായി കാത്തിരിക്കുകയായിരുന്നു
വർണ്ണവെറിയും വിഘടനവാദവും ഒപ്പമുണ്ടായിരുന്നു
രാത്രിയുടെ മറവിൽ തീർക്കേണ്ടിവരുന്ന കണക്കുകൾ
സ്നേഹത്തിന്റെ പവിത്രത നഷ്ടമാവുകയായിരുന്നു
ബന്ധങ്ങളുടെ കെട്ടുറപ്പും അഴിയുകയായിരുന്നു.
ഒടുവിലത്തെ മൊട്ടും കരിഞ്ഞു വീഴുന്നതിനുമുമ്പ്
ഈ സഞ്ചാരപഥമൊന്നു തിരുത്തുവാനാരെങ്കിലും 

No comments:

Post a Comment