Sunday, 1 November 2020

ദാമ്പത്യം

 

ആണായാലൊരു പെണ്ണുവേണം
പെണ്ണിനു കൂട്ടായൊരുവൻ വേണം
പണ്ടേയുള്ളൊരു പതിവാണെങ്കിലും
ചേരുന്നവരേ ചേർന്നിടാവൂ
ആണിനു പെണ്ണൊരു തുണയാവേണം
പെണ്ണിന്നാണും തുണയാവേണം
അല്ലേലയ്യാ പണി കിട്ടീടും
ഏച്ചു കൂട്ടിയാൽ മുഴച്ചിരിക്കും
പലവിധമായൊരു വിശ്വാസങ്ങളും
വിഭിന്നമായൊരു ശീലങ്ങളും
വിവാഹത്തിൽ ഒന്നിക്കുമ്പോൾ
വേണം പരസ്പരമൊരു വിശ്വാസം
എന്തൊരു കാര്യം ചെയ്തീടുകിലും
വേണം പരസ്പരമൊരു യോജിപ്പും
മനസ്സുകൾ തമ്മിൽ പൊരുത്തം വേണം
സ്നേഹിച്ചീടണമന്യോന്യം
വേണം പ്രണയം മരണം വരെയും
ദാമ്പത്യത്തിൻ അടിത്തറയാവണം
പ്രണയസുധാരസ സാഗരത്തിൽ
ദമ്പതികൾ മനം നീരാടേണം
ഭർത്താവൊന്നു പറഞ്ഞാലുടനെ
അതിനൊരു തറുതല ഭാര്യയുമരുതേ
എന്തൊരു കാര്യമതെന്നാകിലും
ഇരുമനമറിവോടായീടേണം
പാവനമല്ലോ വിവാഹബന്ധം
അറിവുവേണം എല്ലായ്പ്പോഴും
പ്രേമപാശത്താൽ ബന്ധിതമാക്കി
ഒരുമയോടതു പൂർത്തീകരിക്കണം
മാതാപിതാക്കൾ നന്നായാലേ
മക്കളെ നന്നായി വളർത്താനാകൂ
മക്കൾ നന്നായി വളർന്നാലല്ലോ
നല്ലൊരു തലമുറ ഇവിടെയുണരു

സ്നേഹിതൻ

 

ഉണ്ടാവാം ആരെങ്കിലും ഈ ഭുവനത്തിൽ
എനിക്കായും എന്നെ സ്നേഹിക്കുവാനായും
കാത്തിരിക്കുന്നു ഞാൻ കാലങ്ങളായി
എന്നെങ്കിലും എന്നെ തേടി വരുമാ സുഹൃത്തിനെ
എത്ര ഗ്രീഷ്മങ്ങൾ വസന്തങ്ങൾ കൊഴിഞ്ഞുപോയി
എത്ര ശിശിരങ്ങൾ ഇതിലേ കടന്നുപോയി
എന്നിട്ടുമിതുവരെ വന്നില്ലവനും
എന്റെ ഏകാന്തതയിലൊരു പറുദീസ തീർക്കുവാൻ
നിറനിലാവിലാ പുഴയുടെ തീരത്തിൽ
ഏകാന്തപഥികനായി ഞാൻ നടന്നീടവേ
കൊച്ചു വർത്തമാനം പറഞ്ഞൊപ്പം കൂടുവാൻ
എന്നു വരുമവനെന്നു ഞാൻ നിനയ്ക്കവേ
ഒരുകൊള്ളിമീനൊന്നാകാശച്ചെരുവിലൂടെ
എന്നെ നോക്കി ചിരിച്ചു മറയവെ
ഒരു നല്ല നാളേതൻ ശുഭ പ്രതീക്ഷകൾ
എൻ ഹൃത്തടത്തിലൊളി മിന്നി നിൽക്കവേ
വാനവും ഭൂമിയും താരങ്ങളും പിന്നെ
ഇരുളിലമരാൻ വെമ്പുന്ന രാത്രിയും
ഒരു സ്വപ്നത്തിൻ ലഹരിയിൽ മുഴുകി
മതി മറന്നു പാടുമൊരു രാപ്പാടിയും
അന്നെനിക്കേകിയ മോഹപ്രതീക്ഷകളിൽ
ഇന്നെന്റെ ജീവിതം മുന്നോട്ടു നീങ്ങവേ
വരുമാ സുഹൃത്തെനിക്കേകും സ്നേഹത്തിൻ
വർണ്ണപ്പകിട്ടിനെക്കുറിച്ചു ചിന്തിക്കവേ
ആദ്യമഴയുടെ ദിവ്യമാം അനുഭൂതിയിൽ
വൈഡൂര്യമണികൾ അണിയും ധര പോൽ
എല്ലാം വെറുതെയെന്നറിഞ്ഞിട്ടും ഞാൻ
അവൻ വരുമെന്നു വെറുതെ മോഹിക്കുന്നു
എന്റെ ജീവിതത്തെ ഒരുവർണ്ണചിത്രമായി
അവനു നല്കാൻ നിറങ്ങൾ ചാർത്തുന്നു
അലങ്കരിക്കുന്നു സ്വപ്നങ്ങളാലെന്നും
ഈ വഴിയമ്പലത്തിൽ കാത്തിരിക്കുന്നു

താമര

 

താമരപൊയ്കയിൽ വാസന്ത ദേവത
സരോജമായി വന്നു പിറന്നു
ബാലാർക്ക ശീതള കിരണാവലിയിൽ
നവതാരുണ്യമായി വിടർന്നു
തരളിത ഹൃദയം സ്വപ്നലോകങ്ങളിൽ
ആരെയോ കൂട്ടിനു കൊതിച്ചു
വിരഹാർദ്രയായാ മുഗ്‌ദ്ധ സൗന്ദര്യം
സ്‌നിഗ്‌ദ്ധ തുഷാരമണിഞ്ഞു നിന്നു
മന്ദസമീരണൻ മന്ദം തലോടി
സുന്ദരിയവളുടെ ലോലകപോലങ്ങൾ
ചന്തമെഴുന്നൊരു നെറ്റിത്തടത്തിൽ
ഹിമകണത്താൽ പൊട്ടുചാർത്തി
ആമലർമടിയിലൊന്നുമയങ്ങവെ
ഋതുകന്യകയൊരു പൂക്കാലമായി
വൈഡൂര്യമണികൾ വാരിയെറിഞ്ഞു
വിഭാതമതിനൊരു സാക്ഷ്യമായി

തലയിലെഴുത്ത്

 

ഓരോ നേരത്തോരോന്നു തോന്നും,
തോന്നുന്നതൊക്കെയും ചെയ്യാൻ തോന്നും,
ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞാൽ
വയ്യാവേലിയായി അതൊക്കെ മാറും,
കൈയ്യിലിരുപ്പാൽ തട്ട് കിട്ടുമ്പോൾ
ഇങ്ങോട്ടും അങ്ങോട്ടും മാറി തട്ടുമ്പോൾ,
വലയിലകപ്പെട്ട മീനിനെപ്പോലെ
കിടന്നു പിടക്കും നിന്ന് വിയർക്കും,
മിന്നുന്നതെല്ലാം പൊന്നെന്നു കരുതിയോര്
പൊന്നിന്റെ സദ്ഗുണം തീർത്തുമറിയും,
വേണ്ടായിരുന്നെന്നു പിന്നെ തോന്നുമ്പോൾ
തോന്നിയതൊക്കെയും പാഴായി മാറും,
ഗതിയറിയാതെ ഉഴന്നു നടക്കുമ്പോൾ
തനിക്കു താങ്ങായി തൻ മാത്രമാകും,
എന്നിട്ടുമുണ്ടോ പഠിക്കുന്നു മർത്യൻ
തലയിലെഴുത്ത് മായ്ച്ചാൽ മായുമോ?