ഉണ്ടാവാം ആരെങ്കിലും ഈ ഭുവനത്തിൽ
എനിക്കായും എന്നെ സ്നേഹിക്കുവാനായും
കാത്തിരിക്കുന്നു ഞാൻ കാലങ്ങളായി
എന്നെങ്കിലും എന്നെ തേടി വരുമാ സുഹൃത്തിനെ
എത്ര ഗ്രീഷ്മങ്ങൾ വസന്തങ്ങൾ കൊഴിഞ്ഞുപോയി
എത്ര ശിശിരങ്ങൾ ഇതിലേ കടന്നുപോയി
എന്നിട്ടുമിതുവരെ വന്നില്ലവനും
എന്റെ ഏകാന്തതയിലൊരു പറുദീസ തീർക്കുവാൻ
നിറനിലാവിലാ പുഴയുടെ തീരത്തിൽ
ഏകാന്തപഥികനായി ഞാൻ നടന്നീടവേ
കൊച്ചു വർത്തമാനം പറഞ്ഞൊപ്പം കൂടുവാൻ
എന്നു വരുമവനെന്നു ഞാൻ നിനയ്ക്കവേ
ഒരുകൊള്ളിമീനൊന്നാകാശച്ചെരുവിലൂടെ
എന്നെ നോക്കി ചിരിച്ചു മറയവെ
ഒരു നല്ല നാളേതൻ ശുഭ പ്രതീക്ഷകൾ
എൻ ഹൃത്തടത്തിലൊളി മിന്നി നിൽക്കവേ
വാനവും ഭൂമിയും താരങ്ങളും പിന്നെ
ഇരുളിലമരാൻ വെമ്പുന്ന രാത്രിയും
ഒരു സ്വപ്നത്തിൻ ലഹരിയിൽ മുഴുകി
മതി മറന്നു പാടുമൊരു രാപ്പാടിയും
അന്നെനിക്കേകിയ മോഹപ്രതീക്ഷകളിൽ
ഇന്നെന്റെ ജീവിതം മുന്നോട്ടു നീങ്ങവേ
വരുമാ സുഹൃത്തെനിക്കേകും സ്നേഹത്തിൻ
വർണ്ണപ്പകിട്ടിനെക്കുറിച്ചു ചിന്തിക്കവേ
ആദ്യമഴയുടെ ദിവ്യമാം അനുഭൂതിയിൽ
വൈഡൂര്യമണികൾ അണിയും ധര പോൽ
എല്ലാം വെറുതെയെന്നറിഞ്ഞിട്ടും ഞാൻ
അവൻ വരുമെന്നു വെറുതെ മോഹിക്കുന്നു
എന്റെ ജീവിതത്തെ ഒരുവർണ്ണചിത്രമായി
അവനു നല്കാൻ നിറങ്ങൾ ചാർത്തുന്നു
അലങ്കരിക്കുന്നു സ്വപ്നങ്ങളാലെന്നും
ഈ വഴിയമ്പലത്തിൽ കാത്തിരിക്കുന്നു
No comments:
Post a Comment