Sunday 30 March 2014

അമ്മേ മാപ്പ് തരൂ ...............

ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ ഗോപുരത്തില്‍ നിന്നും മുന്നോട്ടു പോകുന്ന പാത വലതുവശത്തേക്ക് തിരിയുന്നിടതാണ് ആ കടവ്. മോക്ഷധായിനിയായ ജലധിയില്‍ മുങ്ങി പാപത്തിന്റെ ഭാണ്ടക്കെട്ടുകള്‍ ഇറക്കിവെക്കുവാനായി ആയിരങ്ങള്‍ എത്തുന്നിടം. നദിയിലേക്ക് ഇറങ്ങി ചെല്ലുന്ന പടിക്കെട്ടുകളിലോന്നില്‍ ഇരിക്കുകയായിരുന്നു ഞാനും റിഷയും. ഒരു യാത്രയുടെ ഭാഗമായി ആ ക്ഷേത്രനഗരിയില്‍ എത്തിയതായിരുന്നു ഞങ്ങള്‍.  രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു. അതിനാല്‍ അവിടം വിജനമായിരുന്നു. കാര്‍ത്തിക മാസത്തിലെ പൂര്‍ണ ചന്ദ്ര പ്രഭയില്‍ മുങ്ങി ശാന്തമായൊഴുകുന്ന നദിയെ കടന്നെത്തുന്ന കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു. അപ്പോഴാണ് ഞങ്ങള്‍ അവരെ കണ്ടത്. തോളത്ത് ഒരു സഞ്ചിയും, കൈയ്യില്‍ ഒരു പാത്രവുമായി, ശുഭ്ര വസ്ത്രം ധരിച്ച ഒരു വൃദ്ധ പതുക്കെ നടന്ന്  ഞങ്ങളിരിക്കുന്നതിനു അപ്പുറത്തായി വന്നിരുന്നു. സഞ്ചിയും പാത്രവും നിലത്തു വെച്ച് അവര്‍ നദിയിലിറങ്ങി കാലും മുഖവും കഴുകി വന്നു. പിന്നെ ക്ഷേത്രത്തിനു നേരെ നോക്കി തോഴുതതിനുശേഷം പാത്രത്തില്‍ നിന്നും എന്തോ എടുത്തു കഴിക്കുവാന്‍ തുടങ്ങി. ഒരു പക്ഷെ ക്ഷേത്രത്തില്‍ നിന്നും ലഭിച്ച പ്രസാദമായിരിക്കണം. മൂടല്‍ മഞ്ഞു പരന്നുതുടങ്ങിയ ആ തണുപ്പാര്‍ന്ന അന്തരീക്ഷത്തില്‍ ഒരു ഷാള്‍ പോലും പുതക്കാതെ ഇരിക്കുന്ന അവരോടു എനിക്ക് അനുകമ്പ തോന്നി. ഞാന്‍ അവര്‍ക്കരുകിലേക്ക് നടന്നു. എന്തൊരു തേജസ്വുറ്റ മുഖം. പുതച്ചിരുന്ന ഷാള്‍ ഞാന്‍ അവര്‍ക്ക് നേരെ നീട്ടി. അവര്‍ അത് വാങ്ങിയില്ല. പകരം ശാന്തഗംഭീരമായ സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു. "നോക്ക് കുട്ടീ, ഞാന്‍ മാത്രമാണോ ഇങ്ങനെ തണുപ്പും ചൂടും സഹിച്ച്‌, ഇതുപോലെ എത്രയോ പേര്‍ ഇവിടെ അഗതികളായില്ലേ. അവരെയൊക്കെ ഈ ലോകം ഒന്ന് കണ്ടിരുന്നുവെങ്കില്‍". 
അവരോടു പറയാന്‍ എനിക്ക് മറുപടിയില്ലായിരുന്നു. ആ നദീ തീരത്തുനിന്ന് മടങ്ങുമ്പോള്‍ റിഷ എന്നോട് പറഞ്ഞു. "ആ അമ്മ ഒരിക്കല്‍ ഒരു നല്ല മകളായി, ഭാര്യയായി, മാതാവായി, സുഹൃത്തായി തന്റെ കര്‍മ്മങ്ങള്‍ നിറവേറ്റിയവരായിരിക്കണം. പക്ഷെ ഇപ്പോള്‍ ജീവിതത്തിലെ ഈ സായാഹ്ന സമയത്ത് അവരെ ആര്‍ക്കും വേണ്ടാതായി." അവന്‍ പറഞ്ഞതെത്ര ശരിയാണ്. ആധുനികമെന്നു അഭിമാനിക്കുന്ന, പരിഷ്കാരിയായ നമ്മളുടെ പ്രവൃതികളിലെന്തേ പരിഷ്കാരമില്ലാതെ പോയി. ലോകമേ നീ ഒന്ന് ഉണര്‍ന്നു വെങ്കില്‍. സ്വന്തം അമ്മയുടെ തേങ്ങല്‍ നിനക്കൊന്നു കാണാന്‍, കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, ആ മിഴി നീര്‍ ഒന്ന് തുടക്കുവാന്‍ ആയെങ്കില്‍.............

No comments:

Post a Comment