Monday, 31 March 2014

കാഴ്ചക്കപ്പുറം

അപ്പോള്‍ സമയം രാത്രി പത്തു മണിയോട് അടുത്തിരുന്നു. വര്‍ണ്ണദീപങ്ങള്‍ കൊണ്ടും അലങ്കാരങ്ങള്‍ കൊണ്ടും തെരുവും ചതുരവും അലങ്കരിച്ചിരുന്നു.ചതുരത്തിലെ തുറന്ന വേദിയില്‍ ഒരു മ്യൂസിക് ബാന്‍ഡ് അവരുടെ പ്രകടനം നന്നായി കാഴ്ച വെക്കുന്നുണ്ടായിരുന്നു. ലോകം പുതുവത്സരം ആഘോഷിക്കുവാനുള്ള തിരക്കിലായിരുന്നു. ചതുരതിന്റ്റെ കിഴക്കേ മൂലയില്‍ ചതുരവും തെരുവും നന്നായി കാണാവുന്ന ഒരിടത്ത്‌ നില്‍ക്കുകയായിരുന്നു ഞാനും റിഷയും. നഗരത്തിലെ ഒരു പ്രശസ്തമായ ക്ലബ്ബിന്റ്റെ വകയായി നടത്തുന്ന പഴയ ഹിന്ദി ഗാനങ്ങളുടെ ഒരു സംഗീത വിരുന്നില്‍ പങ്കെടുക്കാനുള്ള ഒരു പാസ്സുമായി വരാമെന്ന് പറഞ്ഞിരുന്ന എന്‍റെ സ്നേഹിതന്‍ നീരജിനെ കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. 
പാടിയും, ആടിയും, ഒച്ചയിട്ടും ആളുകള്‍ ചെറുകൂട്ടങ്ങളായി വന്നുകൊണ്ടിരുന്നു. അവരില്‍ പലരും മദ്യത്തിന്‍റെ ലഹരിയിലായിരുന്നു. അപ്പോള്‍ റിഷ ഒരു പ്രത്യേക ദ്രിശ്യത്തിലേക്ക് എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചു. ഒരു പ്രായമായ സ്ത്രീ നടപ്പാതയിലൂടെ വടിയും കുത്തിപിടിച്ച്‌ നടന്നു വരുന്നു. അവരുടെ ഇടത്തേ തോളില്‍ ഒരു സഞ്ചി തൂക്കിയിരുന്നു. തണുപ്പില്‍ അവര്‍ വിറക്കുന്നുണ്ടായിരുന്നു. ചതുരതിനടുത് തെരുവ് ആരംബിക്കുന്നിടതുള്ള വാക മരത്തിനു ചുവട്ടില്‍ ചുറ്റിലുമായി കെട്ടിയിരിക്കുന്ന തറയില്‍ അവര്‍ ഇരുന്നു തന്‍റെ സഞ്ചി തുറന്നു അതില്‍ നിന്നും ഒരു തൂക്കു പാത്രം പുറത്തെടുത്തു. അവര്‍ അത്താഴം കഴിക്കാനുള്ള പുറപ്പാടായിരുന്നു. നഗരത്തിന്റെ ബഹളമൊന്നും അവര്‍ ശ്രദ്ധിച്ചിരുന്നില്ല. അതേസമയം ടീനേജു കാരെന്നു തോന്നിക്കുന്ന കുറച്ചുപേര്‍ ഒച്ചയിട്ടുകൊണ്ട് അതേ വശത്തിലൂടെ വരുന്നുണ്ടായിരുന്നു. അവരിലൊരുവന്‍ ഒരു പ്ലാസ്റ്റിക്‌ കുപ്പി പന്താക്കി കളിക്കുന്നുണ്ടായിരുന്നു. അവനതു കാലുകൊണ്ട്‌ തട്ടികളിക്കുകയും കയ്യിലിരുന്ന ബിയര്‍ കുടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആ വൃദ്ധയെ കണ്ടപ്പോള്‍ ഒച്ച വെച്ചുകൊണ്ട് അവന്‍ അവരോടു അവിടെനിന്നും പോകാന്‍ ആവശ്യപ്പെട്ടു. അവന്റെ കൂട്ടുകാരും അവനോടൊപ്പം ചേര്‍ന്ന്. ആതറയില്‍ കയറി നിന്ന് നൃത്തം ചെയ്യാന്‍ അവര്‍ ആഗ്രഹിച്ചിരിക്കാം. ആ സ്ത്രീ അവര്‍ പറഞ്ഞത് കേട്ടോ എന്തോ? നല്ല ബഹളമയമായ അന്തരീക്ഷമായിരുന്നു. അപ്പോള്‍ അവന്‍ അല്പം മാറി നിന്ന് കാല്‍ കൊണ്ട് പ്ലാസ്റ്റിക്‌ കുപ്പി വൃദ്ധക്ക്‌ നേരെ അടിച്ചു തെറുപ്പിച്ചു. അത് കൃത്യമായി ആ തൂക്കുപാത്രത്തില്‍ തന്നെ ചെന്ന് കൊണ്ടു. പാത്രം താഴെ വീണു അതിലുള്ള കഞ്ഞി ചുറ്റുമായി ചിതറി. പാവം ആ സ്ത്രീ. അവിടെനിന്നും വേച്ചുവേച്ചു നടന്നുപോയി.
അതൊരു വേദനാജനകമായ ദ്രിശ്യമായിരുന്നു. ആവേശഭരിതരായി നില്‍ക്കുന്ന ചെറുപ്പക്കാരോട് പ്രതികരിക്കുന്നത് ഉചിതമായിരുന്നില്ല.  വേഗം ബസ്‌ സ്റ്റാണ്ടിനരുകിലുള്ള ചായക്കടയില്‍ നിന്നും ഭക്ഷണം പൊതിഞ്ഞു വാങ്ങി ഞങ്ങള്‍ ആ സ്ത്രീക്കരുകിലേക്ക് ചെന്ന് അവര്‍ക്ക് ആ പൊതി കൊടുത്തു. നിറഞ്ഞ കണ്ണുകളോടെ അവര്‍ അത് വാങ്ങി. ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചു. ഞങ്ങളെ കാണാതെ നീരജ് മടങ്ങി പോയതിനാല്‍ ഗാനമേള മിസ്സയെങ്കിലും, ആ വൃദ്ധയുടെ പുഞ്ചിരിയും, അനുഗ്രഹവും, ഞങ്ങള്‍ക്ക് പ്രത്യേകമായ പുതുവത്സര സമ്മാനമായിരുന്നു. ദൈവം ഏതെല്ലാം രൂപത്തിലാണ് വരുന്നതെന്ന് ആര്‍ക്കറിയാം? നാം ആരേയും നിന്ദിക്കരുത്. മറ്റുള്ളവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. ദൈവത്തിന്‍റെ മുന്നില്‍ നമ്മള്‍ എല്ലാവരും ഒരുപോലെയാണ്. ഇന്ന് ഒരുപക്ഷെ നമുക്ക് എല്ലാം ഉണ്ടാവാം. പക്ഷെ നാളെയോ? ആരക്കറിയാം? അതുകൊണ്ട് തന്നെ മറ്റുള്ളവരോട് മാന്യമായി പെരുമാറേണ്ടത്, അവരെ ബഹുമാനിക്കേണ്ടത്, പരസ്പരം സ്നേഹിക്കേണ്ടത്, ആപത്തില്‍ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഞാന്‍ വിചാരിക്കുന്നു. മനസ്സില്‍ നന്മയുണ്ടാകുംപോള്‍ അത് ഈ ലോകത്തിന്റെ നന്മക്കു വഴിയൊരുക്കില്ലേ.

No comments:

Post a Comment